കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഷെഹിൻഷായുടെയും തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മനോജ്കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
അമ്പലമേട്, ഇൻഫോപാർക്ക്, ഉദയംപേരൂർ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, നാല് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അമ്പലമേട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്താരാഷ്ട്ര ബന്ധങ്ങളും ഉന്നതതലത്തിലുള്ള ഗൂഢാലോചനകളും ഈ സംഘം അന്വേഷിക്കും.
ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദിൽ നിന്ന് പോലീസ് പിടികൂടിയ മുഖ്യപ്രതി നജീബ് കല്ലട്രയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ മൂന്നുവർഷമായി അനധികൃത അവയവദാന ഇടപാട് ശൃംഖലയുടെ ഭാഗമെന്നാണ് പോലീസ് പറയുന്നത്. നജീബിന്റെ ഇടപെടലിൽ നടന്ന പത്തിലേറെ അവയവദാനങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.
നജീബ് സാമ്പത്തിക തട്ടിപ്പടക്കം 12 കേസുകളിൽ പ്രതിയെന്ന വിവരവും പോലീസിന് കിട്ടി. അവയവ കൈമാറ്റത്തിനായി ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.